ലോകം ബദര്‍ അനുസ്മരിക്കുകയാണ്, ബദര്‍ കേവലമായ ഒരു യുദ്ധത്തിന്റെയോ പോരാട്ടത്തിന്റെയോ ചരിത്രമല്ലാ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രമാണ്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് മാനവികതയെ മുഴുവന്‍ വഴിനടത്തുമ്പോള്‍ തടസ്സങ്ങളില്‍ നിന്നും വഴുതിമാറി പാലായനത്തിന്റെ പാതയും സ്വീകരിച്ച് വീണ്ടും ഒരു വകഞ്ഞുമാറ്റല്‍ അനിവാര്യമായപ്പോള്‍ പ്രതിരോധത്തിന്റെ ചെറുത്തുനില്‍പ്പ് വിശ്വാസ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന്റെ ഗാഥയാണ് ബദര്‍ പങ്കുവെക്കുന്നത്. ഭൗതീകമായ മുഴുവന്‍ യുദ്ധമാനദണ്ഡങ്ങളെയും മറികടന്ന് സത്യവിശ്വാസത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും പ്രവാചക സ്‌നേഹത്തിന്റെയും വിശ്വാസികളുടെ സമര്‍പ്പണത്തിന്റെയും വിജയമാണ് ബദര്‍ കുറിക്കുന്നത്.
ബദറിനെ കേവലമായ ഒരു യുദ്ധമായും പോരാട്ടമായും വായിക്കുന്നത് ബദറിന്റെ അടിസ്ഥാന ആശയങ്ങളോട് വിരുദ്ധമാണ്, സമകാലിക പ്രശ്‌നങ്ങളെയും ഏത് കാലത്തെ പ്രശ്‌നങ്ങളെയും അതിജീവിക്കാനുള്ള കരുത്തും പ്രതീക്ഷയും ശരിയായ വിശ്വാസത്തിനും സമര്‍പ്പിത സേവനത്തിനുമാണെന്നും ബദര്‍ തെളിയിക്കുന്നു. ബദ്‌രീങ്ങളെ അനുസ്മരിപ്പിക്കുന്നതോടൊപ്പം ആ മഹത്വുക്കള്‍ ഉയര്‍ത്തിയ മൂല്യങ്ങളെ നെഞ്ചിലേറ്റാനും നവകാലത്തോട് പകര്‍ന്ന് നല്‍കാനും കഴിയുമ്പോളാണ് ബദര്‍ദിനം പൂര്‍ണ്ണമാകുന്നത്.
തെരുവോരങ്ങളില്‍ കലപിലകള്‍ ഉണ്ടാക്കുകയും അപസ്വരങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്തു ' ഞങ്ങള്‍ ബദറിന്റെ പിന്‍ഗാമികള്‍' എന്നു വിളിച്ചുപറയുമ്പോള്‍ ബദറിന് ഒരു കലാപത്തിന്റെ വിലാസമാണ് അതുവഴി ലഭിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ ബദര്‍ ചിത്രങ്ങളോടും വിചാരങ്ങളോടുമുള്ള അപമര്യാദയാണത്. ബദര്‍ സമരണകളെ ആതമാര്‍ത്ഥമായി ഉള്‍കൊള്ളാനും വിശ്വാസദാര്‍ഢ്യതയില്‍ മുന്നേറാനും നമുക്ക് ആകട്ടെ.

No comments:
Post a Comment