Sunday, April 10, 2016

എസ് എസ് എഫ് പുതുചരിത്രമെഴുതി. ധർമജാഗരണ യാത്രക്ക് ഉജ്വല സമാപ്തി.

 ഇത്ര ആത്മവിശ്വാസത്തോടെ കേരളീയ പൊതുമണ്ഡലത്തെ അഭിമുഖീകരിക്കാൻ എസ് എസ് എഫിനെ പ്രാപ്തമാക്കിയത് ഒന്നിലേറെ ഘടകങ്ങളാണ്. നിലപാടിലെ കണിശത, മുദ്രാവാക്യത്തിലെ സത്യസന്ധത, ഇടപെടലിലെ ആത്മാർത്ഥത...
ചിലത് തുറന്നു പറയാൻ ഇപ്പോഴും എസ്സെസ്സെഫേയുള്ളൂവെന്നത് ചരിത്ര നിയോഗം. കഴിഞ്ഞ എട്ടു നാളുകളിൽ തെരുവിൽ മുഴങ്ങിയ വാക്കുകൾ, മുദ്രാവാക്യങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു.
ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത കുറ്റപത്രത്തിൽ സ്ഥാനം പിടിക്കാവുന്ന,
പുതുതലമുറക്കെതിരായ ആരോപണങ്ങൾ പലതാണ്;
അരാഷ്ട്രീയത മുതൽ അഹങ്കാരം വരെ. ഒട്ടൊക്കെ ശരിയാണെന്നു വരുകിലും അവരെ എഴുതിത്തള്ളാൻ കഴിയുമോ നമുക്ക്? ആരാണ് അവരുടെ അപഥ സഞ്ചാരത്തിനുത്തരവാദികൾ? ഈ ചോദ്യമാണ് എസ് എസ് എഫ് തെരുവിലുന്നയിച്ചത്.
ഫാഷിസം, തീവ്രവാദം, അസഹിഷ്ണുത, പാരമ്പര്യം, പാരസ്പര്യം, ആത്മീയത, വികസനം, വിദ്യാഭ്യാസം... ജാഗരണ യാത്രയിൽ വിശകലനം ചെയ്യപ്പെട്ട വിഷയങ്ങളിൽ ചിലത് മാത്രമാണിത്. കയ്യടിക്കു വേണ്ടിയുള്ള കസർത്തുകളായിരുന്നില്ല, ഒന്നും. ചിന്തയിലുറച്ച ബോധ്യങ്ങളുടെ പ്രകാശനമായിരുന്നു.
കേരളം ചർച്ച ചെയ്യണമെന്നാഗ്രഹിച്ച പലതും ധർമജാഗരണ യാത്രയുടെ സ്വീകരണ വേദികളിൽ എസ് എസ് എഫ് ഉന്നയിച്ചിട്ടുണ്ട്. ഐ എസിന്റെ ഇസ്ലാം വിരുദ്ധത മുതൽ മതരാഷ്ട്ര വാദികളുടെ സൂഫി പേടി വരെ, ഇടതുപക്ഷത്തിന്റെ മതപ്പേടി മുതൽ മുസ്ലിം രാഷ്ട്രീയത്തിന്റെ സമുദായ വിരുദ്ധത വരെ. ആരുടെയും അസ്തിത്വം ചോദ്യം ചെയ്യാനല്ല ഞങ്ങൾ തിടുക്കപ്പെട്ടത്; എല്ലാവർക്കും നിലനിൽക്കാനുള്ള അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്. ഏതെങ്കിലും പക്ഷം ചേർന്ന് മറ്റാരുടെയെങ്കിലുമൊക്കെ അസ്തിത്വം ചോദ്യം ചെയ്യാനൊരുമ്പെട്ടാൽ ചിലത് തുറന്നു പറയാൻ മടിക്കില്ലെന്ന് സന്ദേശം നൽകുകയായിരുന്നു ഉദ്ദേശ്യം.
ദുഷ്ടശക്തികൾക്കു മുമ്പിൽ മുട്ടുമടക്കില്ലെന്ന നിശ്ചയ ദാർഢ്യം ഏറ്റുവിളിക്കാൻ കേരളം ഒപ്പമുണ്ടെന്ന സന്തോഷവുമായാണ് ധർമജാഗരണ യാത്ര സമാപിച്ചത്. കത്തുന്ന വെയിലിലും യാത്രയെ സ്വീകരിക്കാൻ കാത്തിരുന്ന് നേതാക്കളെ ശ്രവിച്ച, നിലപാടുകൾക്ക് ഐക്യദാർഢ്യമറിയിച്ച സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഞങ്ങളിലുണർത്തിയ ആവേശം ചെറുതല്ല. നാളെ ഞങ്ങളുടേതാണെന്ന സ്വപ്നമല്ല, ഇന്ന് ഞങ്ങളുടേതാണെന്ന തിരിച്ചറിവാണ് എസ് എസ് എഫിനെ വഴി നടത്തുന്നത്. റഈസുൽ ഉലമയും സുൽത്വാനുൽ ഉലമയുമുൾപ്പടെ സമുന്നതരായ പണ്ഡിത നേതൃത്വത്തിൻറെ തണലുളളിടത്തോളം അല്ലാഹുവിന്റെ കൃപാകടാക്ഷത്താൽ, ഞങ്ങളുടെ വഴിമുടക്കാനും ഞങ്ങളെ വഴികേടിലാക്കാനും ആർക്കും കഴിയില്ല. പുരോഗമനവാദത്തിന്റെ പൂപ്പൽ ബാധിക്കാത്ത ആദർശ വീര്യത്തിന്റെ കരളുറപ്പിൽ ഞങ്ങളിനിയും വിളിച്ചു കൊണ്ടേയിരിക്കും,
ധാർമിക വിപ്ലവം സിന്ദാബാദ്.

No comments:

Post a Comment